NRK നിയമസേവനങ്ങള്‍

പ്രവാസി മലയാളി വിഷയങ്ങൾക്ക് നിയമപരമായ പരിഹാരം

സ്ഥാവരജംഗമ വസ്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങൾ

നാട്ടിൽ തന്റെ ഉടമസ്ഥതയിലുള്ള സ്ഥാവര-ജംഗമ (Movble and Immovable Properties) സ്വത്തുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രവാസിമലയാളികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സൃഷ്ടിക്കുന്നത്. സ്ഥലവും കെട്ടിടങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും കയ്യേറ്റങ്ങളുമാണ് അവയിൽ പ്രധാനപ്പെട്ടവ. പോലീസിന്റെയും റവന്യൂ അധികാരികളുടെയും യോജിച്ചുള്ള പ്രവർത്തനത്തിൽ കൂടി സിവിൽ കോടതികൾവഴി മാത്രമേ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുകയുള്ളു. നാട്ടിലുള്ള തങ്ങളുടെ സ്ഥാവര വസ്തുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാനോ യഥാവിധി പരിഹാരം കാണാനോ പല കാരണങ്ങൾ കൊണ്ടും പ്രവാസി മലയാളിക്ക് കഴിയുന്നില്ല. വിദേശത്താണെന്നുള്ള അസൗകര്യത്തിനുപുറമെ നിയമത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ചുള്ള അറിവിന്റെ അഭാവം, അവധി കിട്ടാനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങി പ്രവാസി മലയാളികളെ അലട്ടുന്ന വിവിധ പ്രശ്നങ്ങൾ ഉണ്ട്. കേരള സർക്കാർ സർവീസിൽ നിന്നും വിരമിച്ചവരും പ്രാഗൽഭ്യം തെളിയിച്ചവരുമായ പോലീസ്-റവന്യൂ-രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തി www.nrklegal.com-ന് പ്രവാസിമലയാളികളുടെ വസ്തുസംബന്ധമായ വിഷയങ്ങൾ നിയമപരമായി പരിഹരിക്കുന്നതിനുള്ള സത്വരനടപടികൾ സ്വീകരിക്കാൻ കഴിയും. അതിന് പരാതിക്കാരനായ പ്രവാസി നാട്ടിൽ വരണമെന്നുതന്നെയില്ല. വിശ്വസ്തനായ സുഹൃത്തിനോ ബന്ധുവിനോ മുക്ത്യാര്‍ (Power of Attorney)കൊടുത്താൽ മതിയാവും. സ്ഥാവര വസ്തുക്കൾക്ക് പുറമേ ജംഗമവസ്തുക്കളായ ആഭരണങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, വാഹനങ്ങൾ, ഉപകരണങ്ങൾ, ഫർണിച്ചർ തുടങ്ങിയവയുമായി ബന്ധപ്പെട്ട തർക്കങ്ങളും നിയമപരമായിത്തന്നെ പരിഹരിക്കാവുന്നതാണ്. സ്ഥാവരജംഗമ വസ്തുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടുതലും സിവിൽ നിയമങ്ങളുടെ പരിധിയിൽ വരുന്നതാണെങ്കിൽ പോലും വഞ്ചന, ആൾമാറാട്ടം പോലുള്ള കുറ്റങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലീസിലോ മജിസ്‌ട്രേറ്റ് കോടതിയിലോ പരാതികൊടുക്കേണ്ടതും ക്രിമിനൽ നിയമങ്ങളുടെയും നടപടിച്ചട്ടങ്ങളുടെയും പരിധിയിൽ എത്തിച്ച് പരിഹരിക്കേണ്ടതുമാണ്

കുടുംബ വൈവാഹിക പ്രശ്ങ്ങൾ

രക്തബന്ധം വഴിയോ വിവാഹബന്ധം വഴിയോ ഒരു ഒരുമിച്ച് കഴിയുന്നവർ തമ്മിലുള്ള വിഷയങ്ങളാണ് കുടുംബനിയമങ്ങൾ കൈകാര്യം ചെയ്യുന്നത്. ആധുനിക ലോകത്തിന്റെ എല്ലാവിധ സങ്കീർണതകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന പ്രവാസിമലയാളികളുടെ കുടുംബബന്ധങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. വിവാഹം, വിവാഹമോചനം, ജീവനാംശം കുട്ടികളുടെ സംരക്ഷണം, ഗാർഹികാതിക്രമങ്ങൾ, ദത്തെടുക്കൽ, ദായക്രമങ്ങളും പിന്തുടർച്ചാവകാശവും, തുടങ്ങി നിരവധി കുടുംബ സംബന്ധമായ വിഷയങ്ങൾ ഈ നിയമങ്ങളുടെ പരിഗണനക്ക് വരുന്നുണ്ട്. ഇൻഡ്യയിലെ വിവിധസമുദായങ്ങളുടെ വ്യക്തിനിയമങ്ങൾ ഇൻഡ്യയിലെ നിയമനിർമ്മാണസഭകൾ പാസ്സാക്കിയ നിയമങ്ങൾ, സമാനവിഷയങ്ങളിൽ വിദേശരാജ്യങ്ങളിൽ നിലനിൽക്കുന്ന നിയമങ്ങൾ എന്നിവയും വിദേശമലയാളികളുടെ ഗാർഹിക പ്രശ്നങ്ങളുടെ പരിധിയിൽ വരുന്നുണ്ട്. വൈവാഹിക പ്രശ്നങ്ങൾക്ക് ഫലപ്രദമായ കൗൺസിലിംഗ് നൽകാൻ പ്രൊഫഷണൽ സാമൂഹ്യ മനഃശാസ്ത്രജ്ഞരുടെ സേവനവും ലഭ്യമാണ്.

സർക്കാർ ജീവനക്കാരുടെ വിഷയങ്ങൾ

മെച്ചപ്പെട്ട ജീവിതത്തിനും സാമ്പത്തികഭദ്രതക്കുമായി കേന്ദ്ര -സംസ്ഥാന-പൊതുമേഖലാ ജീവനക്കാർ ധാരാളമായി ശൂന്യവേതനാവധി (Leave Without Salary) എടുത്ത് വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ സർക്കാർ സർവീസിലുള്ള ധാരാളം ഡോക്റ്റര്മാരും, നഴ്‌സുമാരും മറ്റ് പാരാമെഡിക്കൽ ജീവനക്കാരും ജോലി ചെയ്തുവരുന്നുണ്ട്. വിദേശങ്ങളിൽ ജോലിചെയ്യുന്ന തങ്ങളുടെ പങ്കാളികളോടൊപ്പം ദീർഘകാലം ചെലവഴിക്കുന്ന സർക്കാർ ജീവനക്കാരുമുണ്ട്. അവർ അവധിയിലായിരിക്കുമ്പോഴത്തെ സർവീസ് സംബന്ധമായ വിഷയങ്ങൾ, അവധി, ശമ്പളം, പ്രൊമോഷൻ, വിരമിക്കൽ, പെൻഷൻ, അച്ചടക്കനടപടികൾ തുടങ്ങിയ സർവീസ് ചട്ടങ്ങളിലെ സങ്കീർണ്ണമായ നൂലാമാലകൾ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസുകളിലെ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ തഴക്കവും പഴക്കവും സിദ്ധിച്ച ഒരുവിഭാഗം അഭിഭാഷകർ www.nrkservices-ൽ ഉണ്ട്

സിവിൽ വ്യവഹാരങ്ങൾ

കേന്ദ്ര-സംസ്ഥാന നിയമങ്ങൾ ഉൾപ്പെടുന്ന വളരെ വിപുലമായ ഒന്നാണ് ഇൻഡ്യയിൽ സിവിൽ വ്യവഹാരങ്ങളുടെ മേഖല. റിയൽ എസ്റ്റേറ്റ്, വാണിജ്യം, വിദ്യാഭ്യാസം, ഉപഭോക്തൃ നിയമങ്ങൾ, നികുതി, കരാർ നിയമം, ഭരണനിർവഹണം തുടങ്ങിയ നിയമങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കരാർ ലംഘനങ്ങൾ, അതിക്രമങ്ങൾ, വിവാഹമോചനം, കൈവശാവകാശം തുടങ്ങിയ പ്രശ്നങ്ങളുടെ പരിഹാരത്തിനോ, നഷ്ടപരിഹാരം, പ്രതിബന്ധ ഉത്തരവുകൾ (ഇൻജംഗ്ഷൻസ്), തുടങ്ങിയവ നേടിയെടുക്കുന്നതിനോ സിവിൽ നിയമങ്ങൾ കൈകാര്യം ചെയ്യുന്ന കോടതികളെയാണ് സമീപിക്കേണ്ടത്. www.legalservices.com-ലുള്ള സിവിൽ അഭിഭാഷകർക്ക് വിദേശ മലയാളികളുടെ സവിശേഷമായ സിവിൽ വ്യവഹാരവിഷയങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും.

ക്രിമിനൽ വ്യവഹാരം

സമൂഹത്തിൽ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നത് സർക്കാറിന്റെ ഉത്തരവാദിത്വം ആയതിനാൽ എല്ലാ ക്രിമിനൽ കേസുകളിലും സർക്കാർ വാദിയും കുറ്റാരോപിതൻ പ്രതിയുമായിരിക്കും. കുറ്റകൃത്യത്തിന് ഇരയാകുന്ന വ്യക്തി കേസിലെ ഒരു സാക്ഷി മാത്രമാണ്. പോലീസിന്റെ അന്വേഷണത്തിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് കോടതിയിൽ തെളിയിച്ച് പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുള്ള ബാദ്ധ്യത സർക്കാർ അഭിഭാഷകനായ പ്രോസിക്യൂട്ടറിൽ നിക്ഷിപ്തമാണ്. സർക്കാർ വിജയിക്കുന്നപക്ഷം പ്രതിക്ക് ജയിൽ ശിക്ഷയോ പിഴയോ അല്ലങ്കിൽ രണ്ടും കൂടിയോ ലഭിക്കും. പ്രതിയായോ പരാതിക്കാരനായോ ക്രിമിനൽ കേസിൽ ഉൾപ്പെടുന്ന വിദേശ മലയാളിക്ക് മതിയായ നിയമോപദേശം ലഭിക്കുന്നതിനോടൊപ്പം ക്രിമിനൽ കോടതികളിൽ (മജിസ്‌ട്രേറ്റ്/ സെഷൻസ്/ ഹൈക്കോടതി/ സുപ്രീം കോടതി) കേസ്സുകൾ നടത്തി തഴക്കവും പഴക്കവും വന്ന കഴിവുറ്റ അഭിഭാഷകന്റെ സേവനവും അത്യന്താപേക്ഷിതമാണ്.
കേരളത്തിൽ ക്രിമിനൽ കേസ്സുകളിൽ അകപ്പെടുന്ന വിദേശമലയാളിക്ക് കേരളത്തിലെ എല്ലാ കോടതികളിലും (മജിസ്‌ട്രേറ്റ് കോടതികൾ, സെഷൻസ് കോടതികൾ, ഹൈക്കോടതി) സുപ്രീം കോടതിയിലും കുറ്റാരോപിതനായ വ്യക്തിയുടെ ഭാഗം പ്രതിരോധിക്കുന്നതിന് പരിചയസമ്പന്നരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കാൻ www.nrklegal.com-ന് കഴിയും. ജാമ്യം, വിചാരണ, അപ്പീൽ, റിവിഷൻ, എഫ് ഐ ആർ റദ്ദാക്കൽ,വിദേശയാത്രക്കുള്ള അനുമതി തുടങ്ങി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും മതിയായ നിയമോപദേശങ്ങളും കോടതി സേവനങ്ങളും നൽകാൻ ഞങ്ങൾക്കാകും

പാസ്പോർട്ട്-പൗരത്വ വിഷയങ്ങൾ

പാസ്‌പോർട്ടുമായും പൗരത്വവുമായും ബന്ധപ്പെട്ട വിഷയങ്ങൾ 1970-കളിലെ ഗൾഫ് കുടിയേറ്റങ്ങൾക്കുശേഷം വളരെയധികം കൂടിയിട്ടുണ്ട്. ഏജന്റുമാരുടെ ചതിയിൽപെട്ട് ഒന്നിൽകൂടുതൽ പാസ്‌പോർട്ടുകൾ എടുക്കേണ്ടിവന്നവർ നിരവധിയാണ്. സാങ്കേതിക വിദ്യകൾ ഇത്രത്തോളം വികസിച്ചിട്ടില്ലാതിരുന്ന കാലത്ത് നടന്ന തെറ്റുകൾ അക്കാലത്ത് പിടിക്കപ്പെടാതെ പോയിട്ടുണ്ടെങ്കിലും പാസ്പോര്ട്ട് ഡിജിറ്റലൈസേഷനും നെറ്റ്‌വർക്ക് സംവിധാനങ്ങളും ഒക്കെ പ്രവർത്തനക്ഷമമായ ഇക്കാലത്ത് മുൻകാല തെറ്റുകൾ എളുപ്പത്തിൽ കണ്ടെത്താനാവും. അതുപോലെ വിദേശികളുമായുള്ള വിവാഹത്തിലും അവർക്ക് ജനിക്കുന്ന കുട്ടികൾക്ക് പാസ്പോർട്ട്/പൗരത്വം തുടങ്ങയവ ലഭിക്കുന്ന കാര്യങ്ങളിലും വളരെയധികം സങ്കീർണ്ണതകൾ നിലനിൽക്കുന്നുണ്ട്. www.legalservices.com-ലെ പരിചയസമ്പന്നരായ അഭിഭാഷകർക്ക് ഈ വിഷയത്തിലുള്ള സങ്കീർണ്ണമായ നിയമപ്രശ്നങ്ങൾ ഇഴപിരിച്ചെടുത്ത് സർക്കാർ വകുപ്പുകളുമായും വേണ്ടിവന്നാൽ കോടതികൾ മുഖേനയും ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കാൻ കഴിയും.

നികുതികളും കസ്‌റ്റംസും

എൻ ആർ ഐ ആയി തുടരുന്നിടത്തോളം കാലം പ്രവാസി മലയാളികളുടെ എൻ ആർ ഇ ബാങ്ക് നിക്ഷേപങ്ങൾക്ക് ആദായനികുതി കൊടുക്കേണ്ടതില്ലെങ്കിലും എൻ ആർ ഒ നിക്ഷേപങ്ങളും ഇൻഡ്യയിലെ സ്ഥാവരജംഗമ സ്വത്തുവകകളിൽ ആർജ്ജിച്ച വരുമാനങ്ങളും Income Tax Act, 1961-ൻറെ പരിധിയിൽ വരുന്നതും നികുതി കൊടുക്കേണ്ടതുമാണ്. നികുതി നിർണ്ണയം, ആസൂത്രണം, ഇരട്ട നികുതി ഒഴിവാക്കൽ തുടങ്ങി പ്രവാസിമലയാളികളുടെ നികുതിസംബന്ധമായ എല്ലാ വിഷയങ്ങൾക്കും ടാക്‌സ് പ്രാക്ടീഷണർമാരായ www.nrklegal.com-ലെ അഭിഭാഷകർക്ക് ഉചിതമായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാനാവും. കൂടാതെ, കാർഗോ കസ്റ്റംസ് ക്ലിയറൻസ്, ഡോക്യമെൻറെഷൻ, ഡെലിവറി ജോലികളും ചെയ്യാനാവും

വിൽപ്പത്രങ്ങളും പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റുകളും

മരണശേഷം തൻറെ സ്വത്തുക്കൾ എപ്രകാരം ആർക്കൊക്കെ കൊടുക്കണം എന്നതിനെക്കുറിച്ച് ജീവിച്ചിരിക്കുമ്പോൾ തന്നെ തയ്യാറാക്കുന്ന നിയമ രേഖയാണ് വിൽപത്രം. എന്നാൽ വിൽപത്രം തയ്യാറാക്കുന്നതിനുമുമ്പ് ഒരു വ്യക്തി മരണമടയുകയാണെങ്കിൽ അയാളുടെ ബന്ധുക്കൾ സംയുക്തമായി ജില്ലാ കോടതിയെ സമീപിച്ച് മരണമടഞ്ഞ വ്യക്തിയുടെ ആസ്തികളും ബാദ്ധ്യതകളും റവന്യൂ അധികാരികളെക്കൊണ്ട് തിട്ടപ്പെടുത്തിയതിനുശേഷം കോടതിയിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റാണ് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ്. ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും www.nrklegal-ൽ ലഭ്യമാണ്.

വിദേശകോടതിവിധികളുടെ നടപ്പാക്കൽ

രാജ്യാന്തരബന്ധങ്ങൾ വാണിജ്യ-വ്യവസായങ്ങളുടെ അഭിവൃദ്ധിക്കും വികാസത്തിനും പ്രയോജനപ്പെടുത്തുകയും കുറ്റകൃത്യങ്ങൾ തടയുകയും ചെയ്യുകയെന്നതാണ് ആധുനികലോകക്രമം ആവശ്യപ്പെടുന്നത്. നീതിന്യായവ്യവസ്ഥകളുടെ പരസ്പരബഹുമാനവും അംഗീകാരവും ഇത്തരം കാഴ്ചപ്പാടുകൾ പ്രാവർത്തികമാക്കാൻ അത്യന്താപേക്ഷിതമാണ്. ഇൻഡ്യൻ കോടതിവിധികൾ നിരവധി വിദേശരാജ്യങ്ങൾ മുഖവിലക്കെടുക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. വിദേശവിധികൾ നടപ്പിലാക്കുന്ന കാര്യത്തിൽ ഇൻഡ്യൻ കോടതികളും അപ്രകാരമുള്ള ഒരു കാഴ്ചപ്പാടാണ് എടുത്തുവരുന്നത്.
വിദേശങ്ങളിൽ ജീവിക്കുന്ന പ്രവാസികൾ തമ്മിൽ കോടതിവ്യവഹാരങ്ങളിലേർപ്പെടുന്നത് അപൂർവ്വമായ സംഭവമല്ല. എന്നാൽ തദ്ദേശീയ കോടതിയിൽ നിന്നും അനുകൂലമായ വിധി സമ്പാദിച്ചാൽ പോലും ചില സാഹചര്യത്തിൽ അത് നടപ്പിലാക്കാൻ കഴിഞ്ഞെന്നുവരില്ല. കോടതിവിധി എതിരാണെന്ന് കാണുമ്പോൾ ശിക്ഷാനടപടികൾ ഭയന്ന് എതിർകക്ഷി ഇന്ത്യയിലേക്ക് നാടുവിടുന്നതാണ് പ്രധാന കാരണം. ഇപ്രകാരം രക്ഷപ്പെടുന്നവരെ പിടികൂടാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണ് വിദേശവിധികൾ ഇൻഡ്യൻ കോടതികൾ വഴി നടപ്പാക്കുകയെന്നത്
ഇൻഡ്യൻ സിവിൽ നടപടിക്രമത്തിന്റെ (Civil Procedure Code, 1908) 2(5), 2(6), 13 and 44A വകുപ്പുകൾ വിദേശകോടതിവിധികൾ ഇൻഡ്യയിൽ എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്നതിനെക്കുറിച്ചുള്ള നിർദേശങ്ങൾ അടങ്ങിയിട്ടുണ്ട്. രണ്ടുതരത്തിൽ വിദേശകോടതിവിധികൾ ഇൻഡ്യയിൽ നടപ്പിലാക്കാവുന്നതാണ്. ഇൻഡ്യൻ സർക്കാർ അംഗീകരിച്ചിട്ടുള്ള ഒരു വിദേശകോടതിയുടെ (Reciprocating Countries) വിധിയാണെങ്കിൽ ജില്ലാ കോടതിയിൽ ഒരു നിർവഹണ ഹരജി (Execution Petition) നൽകി വിധി നടപ്പിലാക്കാവുന്നതാണ്. എന്നാൽ ഇൻഡ്യൻ സർക്കാർ അംഗീകരിച്ചിട്ടില്ലാത്ത (Non-reciprocating countries) ഒരു വിദേശരാജ്യത്തി ലെ കോടതിവിധിയാണെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ പുതിയ ഒരു സ്യൂട്ട് ഫയൽ ചെയ്ത് വിധി നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാവുന്നതാണ്.

കോർപ്പറേറ്റ് സേവനങ്ങൾ

കുറച്ചുനാളത്തെ വിദേശവാസത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസിമലയാളികൾക്ക് വിദേശത്തുനിന്നും തങ്ങൾ സ്വായത്തമാക്കിയ വൈദഗ്ധ്യങ്ങൾ നാട്ടിലെ സാഹചര്യത്തിനനുയോജ്യമായ രീതിയിൽ സേവന-ഉൽപ്പാദന- നിർമ്മാണ മേഖലകളിൽ നിക്ഷേപിക്കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങളാണ് കേരളത്തിൽ നിലവിലുള്ളത്. കേരള നിയമസഭ 2018 ഏപ്രിൽ മാസം പാസ്സാക്കിയ The Kerala Investment Promotion and Facilitation Bill, 2018 നിയമമാകുന്നതോടെ ബിസിനസ്സ് നടപടിക്രമങ്ങളുടെ ഏകജാലകസംവിധാനം കൂടുതൽ കാര്യക്ഷമമാവുകയും Ease of Doing Business-ഇൻഡക്സിൽ കേരളത്തിൻറെ റാങ്ക് ഇപ്പോഴുള്ള 21 -ൽ നിന്നും 10 ആയി ഉയരുമെന്നാണ് കരുതുന്നത്. താല്പര്യമുള്ള വ്യക്തികൾക്കും ഗ്രുപ്പുകൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ മന്ത്രാലയങ്ങളുടെ കീഴിൽ നിരവധി ബിസിനസ്സ് പ്രോജക്റ്റുകൾ ലഭ്യമാണ്. രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളുടെ സംരക്ഷണയിൽ സുരക്ഷിതമായിബിസിനസ്സ് ചെയ്യുന്നതിനുള്ള മാർഗ്ഗമെന്ന നിലയിലാണ് വ്യക്തികളും ഗ്രുപ്പുകളും പാർട്ണർഷിപ്പുകൾ, കമ്പനികൾ, സഹകരണസംഘങ്ങൾ തുടങ്ങിയവ രൂപീകരിക്കുന്നത്. ഒരു വ്യക്തിക്കു മാത്രമായും കമ്പനി രൂപീകരിക്കാനാവും. The Companies Act 2013,The Kerala Co-operative Societies Act, 1969, The Travancore-Cochin Literary, Scientific and Charitable Societies Registration Act, 1955, SOCIETIES REGISTRATION ACT, 1860 തുടങ്ങിയ നിയമങ്ങളുടെ പരിധിയിലാണ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നത്. NDPREM (Norka Department Project for Return Emigrants) വഴി ലഭ്യമാകുന്ന ലോൺ തുക ഉപയോഗിച്ചുകൊണ്ട് വ്യക്തികൾക്കും പ്രവാസി സഹകരണസംഘങ്ങൾക്കും ബിസിനസ്സ് സംരംഭങ്ങളിൽ ഏർപ്പെടാം. Proprietorship, Partnership, limited liability partnership (LLP), Private Limited Company (PLC), One Person Company, സഹകരണസംഘം, charitable society തുടങ്ങിയവയുടെ രജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങൾക്കും നടപടിക്രമങ്ങൾക്കും www.nrklegal.com-ലെ വിദഗ്ധരുടെ സേവനം എപ്പോഴും ലഭ്യമാണ്.

റിയൽ എസ്റ്റേറ്റുമായി (പ്ലോട്ടുകൾ,ഫ്‌ളാറ്റുകൾ, വില്ലകൾ, അപ്പാർട്മെന്ററുകൾ) ബന്ധപ്പെട്ട വിഷയങ്ങൾ

പ്രവാസിമലയാളികൾ നിരന്തരമായി കബളിക്കപ്പെടുന്ന ഒന്നാണ് റീയൽ എസ്റ്റേറ്റ് മേഖല. ഫ്ളാറ്റുകളും വില്ലകളും അപ്പാർട്ട്മെൻറ് കെട്ടിടങ്ങളും നിർമ്മിച്ചുതരാമെന്ന വ്യവസ്ഥയിൽ പ്രവാസി മലയാളികളിൽ നിന്നും വൻ തുകകൾ കൈപ്പറ്റിയതിനുശേഷം പ്രോജക്റ്റുകൾ സമയത്തിന് പൂർത്തിയാക്കാതിരിക്കുകയോ പാതിവഴിയിൽ ഉപേക്ഷിക്കുകയോ പൂർത്തിയാക്കിയാൽ തന്നെ ഉടമസ്ഥാവകാശംകൈമാറാതിരിക്കുകയോ ചെയ്യുന്ന പ്രവണത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കെട്ടിടനിർമ്മാണത്തിൽ വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരം കൊടുക്കുന്നരീതിയും ഫലപ്രദമായി നടക്കുന്നില്ല. ആകർഷകമായ പരസ്യങ്ങളും ആനുകൂല്യങ്ങളുംനൽകി വിദേശത്ത് ഭവനനിർമ്മാണ മേളകൾ സംഘടിപ്പിക്കുകയും വൻതുകകൾ പിരിച്ചെടുത്തുകൊണ്ട് മുങ്ങുന്നവരും വിരളമല്ല. തീരെ അറിയപ്പെടാത്തകെട്ടിടനിമ്മാതാക്കൾ മുതൽ വൻകിടക്കാർ വരെ പലപ്പോഴും പ്രവാസിമലയാളികളെവഞ്ചിക്കാറുണ്ട്. ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട്കെട്ടിടനിർമ്മാണ സ്ഥാപനങ്ങളുടെ അതിക്രമങ്ങൾക്ക് കടിഞ്ഞാണിടാൻ നാളിതുവരെഫലപ്രദമായ കേന്ദ്ര സംസ്ഥാന നിയമങ്ങൾ ഉണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ഉപഭോക്‌തൃ സംരക്ഷണം മുഖ്യവിഷയമായെടുത്തുകൊണ്ട് Real Estate (Regulation and Development) Act, 2016 എന്ന നിയമം കേന്ദ്രസർക്കാർ പാസ്സാക്കുന്നതും സമാനമായ നിയമ നിർമ്മാണങ്ങൾ നടത്താൻ സംസ്ഥാനസർക്കാരുകളോട്ആവശ്യപ്പെടുന്നതും. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ആസ്ഥാനമായികേരളത്തിൽ Kerala Real Estate Regulatory Authority (RERA) യും Real Estate Regulatory Authority Appellate Tribunal-ഉം രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവായിട്ടുണ്ട്. റീയൽ എസ്റ്റേറ്റ്പ്രൊജക്റ്റുകൾ നിർബന്ധിത രജിസ്‌ട്രേഷൻ നടത്തേണ്ടതും കാർപ്പറ്റ് ഏരിയയുടെ വിലമുൻകൂട്ടി പ്രഖ്യാപിക്കുകയും 70 ശതമാനം പണമിടപാടുകളും ബാങ്കുവഴി നടത്തണമെന്നതും പുതിയ നിയമത്തിന്റെ പ്രത്യേകതയാണ്. വീഴ്ച വരുത്തുന്ന നിർമ്മാതാക്കളുടെ മേൽ അച്ചടക്കനടപടികൾ സ്വീകരിക്കാനും പിഴയുംതടവും വിധിക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്. ഉപഭോക്താക്കളുടെ പരാതികൾKerala Real Estate Regulatory Authority (RERA)-ക്ക് സമർപ്പിക്കാനും നിയമത്തിൽവ്യവസ്ഥയുണ്ട്.
റിയൽ എസ്റ്റേറ്റുമായി (പ്ലോട്ടുകൾ, ഫ്‌ളാറ്റുകൾ, വില്ലകൾ, അപ്പാർട്ടുമെന്റുകൾ തുടങ്ങിയവ) ബന്ധപ്പെട്ട പ്രവാസി മലയാളികളുടെ പരാതികൾ Real Estate Regulatory Authority-യിലോ Appellate Tribunal-ലോ സമർപ്പിക്കുന്നതിനും വേഗത്തിൽ പരിഹരിക്കുന്നതിനായി ഞങ്ങളുടെ വിദഗ്ദ്ധരായ അഭിഭാഷകർക്ക് കഴിയും. ഇതിനുവേണ്ടി പ്രവാസികൾ വിദേശരാജ്യത്തുനിന്ന് ഇന്ത്യയിലേക്ക് വരേണ്ടതില്ല. പ്രവാസികൾ കഴിയുന്ന രാജ്യങ്ങളിലെ എംബസികൾ/കോൺസുലേറ്റുകൾ സാക്ഷ്യപ്പെടുത്തിയ മുക്ത്യാറിന്റെ (Power of Attorney -PoA) അടിസ്ഥാനത്തിൽ പരാതിക്കാർക്കുവേണ്ടി ബന്ധപ്പെട്ട അധികാരികളെ ഞങ്ങൾക്ക് സമീപിക്കാനാകും.

നാഷണൽ പെൻഷൻ പദ്ധതി

വിദേശവാസത്തിനുശേഷം നാട്ടിൽ വന്ന് സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്ന പ്രവാസിമലയാളികൾക്ക് വളരെ അനുയോജ്യമായ ഒരു നിക്ഷേപ/ പെൻഷൻ പദ്ധതിയാണ് ദേശീയ പെൻഷൻ പദ്ധതി (National Pension Scheme-NPS). നിക്ഷേപിക്കുന്ന തുകയും കാലാവധിയുടെ ദൈർഘ്യവുമനുസരിച്ച് പെൻഷൻ തുകയും വ്യത്യാസപ്പെട്ടിരിക്കും. 2004 -ൽ നിവാസികളായ (Resident Indians) ഇൻഡ്യക്കാർക്കുവേണ്ടി തുടങ്ങിയ ദേശീയ പെൻഷൻ പദ്ധതി 2015-മുതൽ വിദേശ ഇൻഡ്യക്കാർക്കും (Non-Resident Indians) ലഭ്യമാണ്.

NRK നിയമ സേവനങ്ങള്‍: വിദേശമലയാളികളുടെ നിയമപരമായ വിഷയങ്ങളില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ സേവനദാതാക്കൾ

പാസ്പോർട്ട്, പൗരത്വം,സ്ഥാവരജംഗമ വസ്തുക്കൾ, വൈവാഹികം, കൺസ്യൂമർ, അഡ്മിനിസ്ട്രേറ്റീവ് നിയമം, ക്ഷേമ വിഷയങ്ങള്‍ തുടങ്ങി വിദേശ മലയാളികളുടെ നിയമസംബന്ധമായ കാര്യങ്ങളില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ ഗ്രൂപ്പാണ് ഞങ്ങളുടേത്.

TOP